പെട്രോള്‍ നികുതിയെടുത്താണ് വാക്‌സിന്‍ കൊടുക്കുന്നത്; ഇന്ധനവിലയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പെട്രോള്‍ നികുതിയെടുത്താണ് വാക്‌സിന്‍ കൊടുക്കുന്നത്; ഇന്ധനവിലയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി

അടിക്കടിയുള്ള ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി. പെട്രോളിനും ഡീസലിനും ഈടാക്കുന്ന എക്‌സൈസ് നികുതി ഉപയോഗിച്ചാണ് സൗജന്യ കോവിഡ് വാക്‌സിന്‍ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വാക്‌സിനേഷന്‍ പൂര്‍ണമാകുമ്പോള്‍ വില കുറയുമെന്ന സൂചനയും അദ്ദേഹം നല്‍കി. സെറവീക്ക് സംഘടിപ്പിച്ച ഇന്ത്യ എനര്‍ജി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പെട്രോള്‍ ലിറ്ററിന് 32.90 രൂപയാണ് കേന്ദ്രം എക്‌സൈസ് തീരുവയായി ഈടാക്കുന്നത്. ഡീസലിന് 31.80 രൂപയും. 2014ല്‍ ഇത് യഥാക്രമം 9.8 രൂപയും 3.56 രൂപയുമായിരുന്നു. ഇതിനുപുറമേയാണ് സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതികള്‍.

'കഴിഞ്ഞ ദിവസമാണ് നമ്മള്‍ നൂറു കോടി ഡോസ് വാക്‌സിന്‍ പൂര്‍ത്തീകരിച്ചത്. ഒരു വര്‍ഷമായി 90 കോടി പേര്‍ക്ക് മൂന്നു നേരം ഭക്ഷണം കൊടുക്കുന്നു. എട്ടു കോടി സൗജന്യ സിലിണ്ടറുകളാണ് അനുവദിച്ചത്. ഒരു കോടി കൂടി നല്‍കാന്‍ പദ്ധതിയുമുണ്ട്. 32 രൂപയുടെ നികുതി കൊണ്ടാണ് നൂറു കോടി വാക്‌സിന്‍ അടക്കമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടക്കുന്നത്'- പുരി പറഞ്ഞു. വില ഉയരുമ്പോള്‍ നികുതി കുറയ്ക്കുക എന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമായി തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടിയിരുന്നു. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്. ഒരു മാസത്തിനിടെ ഡീസലിന് കൂട്ടിയത് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപയുമാണ്.